ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് നിയന്ത്രണം; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പരേഡ്

GCC News

ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കി. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങളാണ് ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്.

  • ഈ അറിയിപ്പ് പ്രകാരം വാഹനങ്ങളുടെ ചില്ലുകളിൽ വർണ്ണച്ചായങ്ങൾ, സ്റ്റിക്കറുകൾ എന്നിവ പതിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
  • വാഹനങ്ങളുടെ നിറം മാറ്റുന്നതും നിരോധിച്ചിട്ടുണ്ട്.
  • ഡ്രൈവർ ഉൾപ്പടെ വാഹനങ്ങളിൽ പരമാവധി 4 പേർക്കാണ് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
  • വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ല.
  • മുഴുവൻ യാത്രികർക്കും മാസ്കുകൾ നിർബന്ധമാണ്.
  • വാഹനങ്ങളുടെ ജനാലകളിൽ ഇരുന്നുള്ള യാത്രകൾ അനുവദിക്കില്ല.

ഖത്തർ ദേശീയ ദിനാഘോഷ പരേഡിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പ്രവേശനം

അതേ സമയം, ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോർണിഷിൽ നടക്കുന്ന പരേഡിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതിയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ മുൻനിർത്തിയാണ് ഈ നടപടി.

ഇത്തവണ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബാംഗങ്ങൾ, പരേഡിൽ പങ്കെടുക്കുന്നവരുടെ കുടുംബാംഗങ്ങൾ മുതലായവർക്ക് മാത്രമായിരിക്കും കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ആരോഗ്യ സുരക്ഷ മുൻനിർത്തി, കർശനമായ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബർ 17, വ്യാഴാഴ്ച്ച ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.