ഡി-റിംഗ് റോഡിലെ ഫെരീജ് അൽ അലി ഇന്റർസെക്‌ഷനിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഫെബ്രുവരി 12, ശനിയാഴ്ച്ചയാണ് ഈ അണ്ടർപാസ് തുറന്ന് കൊടുത്തത്.
ഈ അണ്ടർപാസ്, ഇതോടൊപ്പം തുറന്ന് കൊടുത്തിട്ടുള്ള കാരിയേജ് വേ, എന്നിവ ഡി-റിംഗ് റോഡിനും ദോഹ എക്സ്പ്രസ്സ് വേയ്ക്കുമിടയിലെ ട്രാഫിക് കൂടുതൽ സുഗമമാക്കുമെന്നും, യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും പബ്ലിക് വർക്സ് അതോറിറ്റി വ്യക്തമാക്കി.

ധാരാളം വാണിജ്യ സ്ഥാപനങ്ങളും, പാര്‍പ്പിടകേന്ദ്രങ്ങളും, ആരോഗ്യപരിചരണ കേന്ദ്രങ്ങളുമുള്ള നുഐജ, അൽ ഹിലാൽ, ഓൾഡ് എയർപോർട്ട് മുതലായ മേഖലകൾക്ക് ഈ പുതിയ സേവനം ഏറെ പ്രയോജനം ചെയ്യുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി കൂട്ടിച്ചേർത്തു.

ഫെരീജ് അൽ അലി, നുഐജ, ലുലു എന്നിവിടങ്ങളിലെ റോഡുകൾ തമ്മിൽച്ചേരുന്ന മൂന്ന് ഇന്റർസെക്‌ഷനുകളിലാണ് കാരിയേജ് വേ തുറന്ന് കൊടുത്തിട്ടുള്ളത്. ഇവിടെ നിലവിൽ മൂന്ന് വരിയുള്ള റോഡ് നാല് വരിയിലേക്ക് ഉയർത്തിയതിനാൽ ഇരുവശങ്ങളിലേക്കും മണിക്കൂറിൽ 12000 മുതൽ 16000 വാഹനങ്ങൾക്ക് വരെ കടന്ന്പോകാവുന്നതാണ്.

ഏതാണ്ട് ഒരു കിലോമീറ്റർ നീളത്തിൽ പണിതിട്ടുള്ള ഫെരീജ് അൽ അലി അണ്ടർപാസ് ദോഹ എക്സ്പ്രസ്സ് വേയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് തടസ്സങ്ങൾക്കൂടാതെ ഡി-റിംഗ് റോഡിലേക്ക് പ്രവേശിക്കുന്നതിന് അവസരമൊരുക്കുന്നു. ഇരുവശത്തേക്കും മൂന്ന് വരികളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ ടണലിലൂടെ മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്.