ഖത്തർ: ഈദുൽ അദ്ഹ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് PHCC നിർദ്ദേശിച്ചു

GCC News

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) നിർദ്ദേശിച്ചു. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് PHCC ഈ നിർദ്ദേശം ആവർത്തിച്ചത്.

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് COVID-19 വ്യാപനം തടയുന്നതിനും, രോഗബാധിതരുടെ എണ്ണം ഉയരുന്നത് ഒഴിവാക്കുന്നതിനുമായി ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് PHCC ചൂണ്ടിക്കാട്ടി. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായവ തുടരുന്നതിനൊപ്പം, ഈദുൽ അദ്ഹ വേളയിൽ മറ്റുള്ളവർക്ക് ആശംസകൾ നൽകുന്ന അവസരത്തിൽ ഹസ്തദാനം, ആലിംഗനം മുതലായ രീതികൾ ഒഴിവാക്കാനും PHCC ജനങ്ങളോട് ആഹ്വാനം ചെയ്തു.

ആശംസകൾ നൽകുന്നതിനായി ഇത്തരം രീതികൾക്ക് പകരമായി കൈകൾ വീശികാണിക്കുന്ന രീതിയോ, മറ്റു രീതികളോ പിന്തുടരാനും PHCC ആവശ്യപ്പെട്ടു. COVID-19 രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ തുടരാനും, ഒത്ത് ചേരലുകളിൽ പങ്കെടുക്കരുതെന്നും PHCC ഓർമ്മപ്പെടുത്തി. പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ പ്രത്യേക ജാഗ്രത പുലർത്താനും, ഒത്ത് ചേരലുകളിൽ നിന്ന് വിട്ടുനിൽക്കാനും PHCC നിർദ്ദേശിച്ചു.