ഖത്തർ: സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഉദ്‌ഘാടനം ചെയ്തു

GCC News

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി 2021 സെപ്റ്റംബർ 6-ന് ഉദ്‌ഘാടനം ചെയ്തു. PHCC എംഡി ഡോ. മരിയം അബ്ദുൽമാലിക്, ആരോഗ്യ രംഗത്തെ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

PHCC-യുടെ കീഴിൽ ആരംഭിക്കുന്ന ഇരുപത്തിയെട്ടാമത്തെ ആരോഗ്യ കേന്ദ്രമാണിത്. ആദ്യ വർഷത്തിൽ ഈ കേന്ദ്രത്തിൽ നിന്ന് 5000 രോഗികൾക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതിനാണ് PHCC ലക്ഷ്യമിടുന്നത്. തുടർന്ന് പ്രതിവർഷം 10000 രോഗികൾക്ക് സേവനം നൽകുന്ന രീതിയിലേക്ക് ഈ കേന്ദ്രത്തിന്റെ ശേഷി ഉയർത്തുന്നതാണ്.

ഏതാണ്ട് മൂവായിരത്തിൽ പരം സ്‌ക്വയർ മീറ്ററിൽ പണിതീർത്തിട്ടുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്ററിൽ 127 പാർക്കിംഗ് ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫാർമസി, ജനറൽ വിഭാഗത്തിൽ ആറ് ക്ലിനിക്കുകൾ, ഒരു ഡെന്റൽ ക്ലിനിക്, ശിശുരോഗ ചികിത്സയ്ക്കായി രണ്ട് ക്ലിനിക്കുകൾ, മെഡിക്കൽ ലാബ്, എക്സ്-റേ വിഭാഗം, ECG വിഭാഗം, ഐസൊലേഷൻ മുറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.

ഉദ്‌ഘാടനത്തിന് ശേഷം മന്ത്രി ഹെൽത്ത് സെന്ററിലെ സേവനങ്ങൾ, ക്ലിനിക്കുകൾ മുതലായവ നേരിട്ട് പരിശോധിച്ചു. ഈ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 11 വരെ രോഗികൾക്ക് സേവനങ്ങൾ ലഭിക്കുന്നതാണ്.

പൊതു ജനങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഇത്തരം പുതിയ ആരോഗ്യപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവും മികച്ച ആരോഗ്യ പരിചണ സേവനങ്ങൾ ഈ പുതിയ സേവന കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് PHCC മാനേജിങ്ങ് ഡയറക്ടർ അറിയിച്ചു.

Photo: Qatar News Agency.