അൽ ഖരാഫ മേഖലയിലെ അൽ ഒയൂൻ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അൽ ഷമാൽ റോഡ്, താനി ബിൻ ജാസിം സ്ട്രീറ്റ് എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന അൽ ഒയൂൻ സ്ട്രീറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റുമായി സംയുക്തമായാണ് അതോറിറ്റി തുറന്ന് കൊടുത്തിരിക്കുന്നത്.
2022 ഫെബ്രുവരി 19-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പുതിയതായി തുറന്ന ഈ സ്ട്രീറ്റ് അൽ ഖരാഫ മേഖലയിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതാണ്. മേഖലയിലെ വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിലേക്കുള്ള യാത്രകൾ വേഗത്തിലാക്കുന്നതിനും, അൽ ഷമാൽ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും അൽ ഒയൂൻ സ്ട്രീറ്റ് സഹായകമാകുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

1.3 കിലോമീറ്റർ നീളമുള്ള അൽ ഒയൂൻ സ്ട്രീറ്റ് ഓരോ വശത്തേക്കും രണ്ട് വരി ട്രാഫിക് കടന്ന് പോകാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 4388 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഈ പാതയിൽ അതോറിറ്റി പുതിയ സർവീസ് റോഡുകളും ഒരുക്കിയിട്ടുണ്ട്.

അൽ ഹത്തീം സ്ട്രീറ്റ്, അൽ ഖരാഫ റോഡ്, ഇസ്ഖാവ, ഘരാഫത് അൽ റയാൻ മുതലായ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് അൽ ഷമാൽ റോഡ് ഒഴിവാക്കിക്കൊണ്ട് സബാഹ് അൽ അഹ്‌മദ് കോറിഡോറിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനായുള്ള ഒരു പുതിയ സിഗ്നൽ ജംഗ്ഷന്റെ നിർമ്മാണം പൂർത്തിയാക്കിയതായും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Cover Photo: Qatar Public Works Authority.