രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തി. ജൂലൈ 22-നു തീരുമാനിച്ച പുതിയ യാത്രാ നിർദ്ദേശങ്ങൾ പ്രകാരം ഖത്തറിലെ പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ളവർക്കും രാജ്യത്തിനു പുറത്തേക്കും, തിരികെയും യാത്രചെയ്യുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. അതുപോലെ, നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏതാനം നിബന്ധനകൾക്ക് വിധേയമായി ഖത്തറിൽ തിരികെയെത്തുന്നതിനും അനുവാദം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ രാജ്യത്തെ ആരോഗ്യ രംഗത്തെ സ്ഥിതിയും, ആഗോളതലത്തിലെ വൈറസ് വ്യാപനതോതും കണക്കിലെടുത്താണ്, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 1 മുതൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുള്ളത്.
ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചിട്ടുള്ള ഖത്തറിലെ യാത്രാ നയങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ:
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ:
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്. ഇത്തരം യാത്രികർ ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടർന്നുകൊള്ളാം എന്ന പ്രതിജ്ഞാപത്രം ഒപ്പിട്ടു നൽകുകയും വേണം. ഒരാഴ്ചയ്ക്ക് ശേഷം ഇവർക്ക് ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർക്ക് വീണ്ടും ഒരു ആഴ്ച്ച കഴിയുന്നതോടെ ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതുമാണ്.
ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക്, ആ രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ, COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്. യാത്രയ്ക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭ്യമായ COVID-19 നെഗറ്റീവ് റിസൾട്ടുമായി രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക്, ഖത്തറിൽ എത്തിയ ശേഷം വിമാനത്താവളത്തിൽ നിന്നുള്ള കൊറോണ വൈറസ് പരിശോധന ഒഴിവാക്കി നൽകുന്നതാണ്.
നിലവിൽ ഖത്തർ പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:
Sl No. | Countries |
---|---|
1 | Brunei Darussalam |
2 | Vietnam |
3 | China |
4 | Thailand |
5 | Malaysia |
6 | New Zealand |
7 | Malta |
8 | Finland |
9 | Hungary |
10 | South_Korea |
11 | Estonia |
12 | Norway |
13 | Lithuania |
14 | Latvia |
15 | Japan |
16 | Cyprus |
17 | Ireland |
18 | Greece |
19 | Italy |
20 | Slovakia |
21 | Denmark |
22 | Netherlands |
23 | Germany |
24 | Morocco |
25 | Poland |
26 | France |
27 | Australia |
28 | Canada |
29 | Slovenia |
30 | Belgium |
31 | United Kingdom |
32 | Czechia |
33 | Austria |
34 | Switzerland |
35 | Algeria |
36 | Turkey |
37 | Iceland |
38 | Spain |
39 | Croatia |
40 | Andorra |
https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ:
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ആ രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ, അത്തരം കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭ്യമായ COVID-19 നെഗറ്റീവ് റിസൾട്ടുമായി ഖത്തറിൽ പ്രവേശിക്കാവുന്നതാണ്. ഇത്തരം രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്രികർ ഖത്തറിൽ പ്രവേശിച്ച ശേഷം ഒരാഴ്ച്ച സ്വന്തം ചെലവിൽ അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ ക്വാറന്റീനിൽ തുടരേണ്ടതാണ്.
രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് COVID-19 നെഗറ്റീവ് റിസൾട്ടുമായോ, അല്ലാതെയോ എത്തുന്ന ഈ രണ്ട് വിഭാഗം യാത്രികർക്കും ഒരാഴ്ചത്തെ ക്വാറന്റീനിനു ശേഷം, ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർ വീണ്ടും ഒരു ആഴ്ച്ച കൂടി ഹോം ക്വാറന്റീനിൽ തുടരേണ്ടതുമാണ്.
രാജ്യത്തിനകത്തുള്ള ഖത്തർ പൗരന്മാർ, പെർമെനന്റ് റെസിഡൻസി വിസകളിലുള്ളവർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ:
ഇത്തരം വിഭാഗങ്ങളിലുള്ളവർക്ക് മേൽ പറഞ്ഞ ക്വാറന്റീൻ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഖത്തറിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് മടങ്ങാവുന്നതാണ്. ഇവർ തിരികെയെത്തുമ്പോൾ, ഏതു വിഭാഗം രാജ്യത്തുനിന്നാണോ മടങ്ങുന്നത് അതുപ്രകാരമുള്ള ക്വാറന്റീൻ ബാധകമായിരിക്കും.
രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കുള്ള നിർദ്ദേശങ്ങൾ:
ഈ വിഭാഗത്തിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി ഖത്തറിൽ തിരികെയെത്തുന്നതിനു അനുവാദം നൽകും. ഏതാനം മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത്തരക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള മുൻഗണന നിശ്ചയിക്കുക. ഈ വിഭാഗക്കാർ മടങ്ങുന്ന രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾ, ഇവർ തൊഴിലെടുക്കുന്ന മേഖലകളിൽ ഇവർ തിരികെയെത്തേണ്ടതിന്റെ അത്യാവശ്യകത, മാനുഷിക പരിഗണനയുടെ സാഹചര്യങ്ങൾ മുതലായ വിവിധ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെയെത്തുന്നതിനുള്ള അനുവാദം നൽകുക.
ഖത്തറിലേക്ക് തിരികെയെത്താനുള്ള അനുമതിക്കായി രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.