രാജ്യത്ത് പുതിയ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളും, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രവും താമസിയാതെ നിർത്തലാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലയിലെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പടുത്തുന്നതിനായുള്ള ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് മറ്റു കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്.
ജൂൺ 22-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
താഴെ പറയുന്ന തീയതികളിലാണ് ഈ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്:
- ലുസൈൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 23, 2021 വരെ.
- അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 30, 2021 വരെ.
- QNCC-യിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം: ജൂൺ 29, 2021 വരെ.
ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് മൂന്ന് ലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ വാക്സിനേഷൻ കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണെന്ന് കരുതുന്നത്.
300 വാക്സിനേഷൻ സ്റ്റേഷനുകലുള്ള ഈ കേന്ദ്രത്തിൽ സേവനങ്ങൾ നൽകുന്നതിനായി 700 ജീവനക്കാരുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 25000 ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള ശേഷിയുണ്ട്.
ഈ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശനം നടത്തിയിരുന്നു.