രാജ്യത്തെ പൗരന്മാരുടെയും, നിവാസികളുടെയും വിദേശയാത്രകളും, ഖത്തറിലേക്കുള്ള യാത്രകളും സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, ഏതാനം ചെറിയ മാറ്റങ്ങളോടെ തുടരാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബർ 22 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഖത്തറിൽ നിന്ന് വിദേശത്തേക്കുള്ള യാത്രകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ:
- രാജ്യത്തെ യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പൗരന്മാർ, നിവാസികൾ എന്നിവർക്ക് ഖത്തറിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാവുന്നതാണ്.
- യാത്ര ചെയ്യുന്ന വിദേശ രാജ്യത്തെ ക്വാറന്റീൻ നിബന്ധനകൾ, ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എന്നിവ പാലിക്കേണ്ടതാണ്.
- ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്ന ജീവനക്കാർ, തങ്ങളുടെ തൊഴിലുടമകളെ യാത്രാ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതാണ്. ഖത്തറിൽ തിരികെയെത്തിയ ശേഷം ആവശ്യമായ ക്വാറന്റീൻ കാലാവധി കൂടി യാത്രയ്ക്ക് മുൻപായി കണക്കിലെടുക്കേണ്ടതാണ്.
ഖത്തറിലേക്ക് തിരികെ മടങ്ങിയെത്തുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ:
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ:
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്. ഇത്തരം യാത്രികർ ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടർന്നുകൊള്ളാം എന്ന പ്രതിജ്ഞാപത്രം ഒപ്പിട്ടു നൽകുകയും വേണം. ഈ കാലാവധിയിൽ ഇവരുടെ ‘Ehteraz’ ആപ്പ് സ്റ്റാറ്റസ് ‘ക്വാറന്റീൻ’ എന്ന് കുറിക്കുന്ന മഞ്ഞ നിറത്തിൽ തുടരുന്നതാണ്.
ആറ് ദിവസത്തിന് ശേഷം ഇവർ ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർക്ക് ഏഴാം ദിവസം ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതുമാണ്. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ ‘Ehteraz’ ആപ്പ് സ്റ്റാറ്റസ് ചുവപ്പ് നിറത്തിലേക്കും, നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റീൻ കാലാവധി കഴിയുന്നതോടെ ഈ സ്റ്റാറ്റസ് പച്ച നിറത്തിലേക്കും മാറുന്നതാണ്.
രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ:
- രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ആ രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ, അത്തരം കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭ്യമായ COVID-19 നെഗറ്റീവ് റിസൾട്ടുമായി ഖത്തറിൽ പ്രവേശിക്കാവുന്നതാണ്. താമസയിടങ്ങളിൽ തനിയെ ശുചിമുറിയോട് കൂടിയ മുറികൾ ഉള്ളവരെ ഹോം ക്വാറന്റീൻ ചെയ്യാൻ അനുവദിക്കുന്നതാണ്. ഈ സൗകര്യം ഇല്ലാത്തവർ സ്വന്തം ചെലവിൽ ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ നിന്ന് ഹോട്ടലുകൾ ബുക്ക് ചെയ്‌ത് ക്വാറന്റീനിൽ തുടരേണ്ടതാണ്.
- ഇത്തരം രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്രികർ ഖത്തറിൽ പ്രവേശിച്ച ശേഷം ഒരാഴ്ച്ച സ്വന്തം ചെലവിൽ ഹോട്ടലുകളിൽ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇത്തരം യാത്രികർക്ക് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ നിന്ന് ഹോട്ടലുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആറ് ദിവസത്തിന് ശേഷം ഇവർ ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ, അവർക്ക് രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിൽ ഏഴാം ദിവസം സ്വന്തം താമസയിടങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതാണ്. ഇവർ തങ്ങളുടെ താമസ ഇടങ്ങളിൽ വീണ്ടും 7 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് രാജ്യത്ത് പ്രവേശിച്ച ശേഷം ആകെ 14 ദിവസത്തെ ക്വാറന്റീൻ ആവശ്യമായി വരുന്നതാണ്.
മറ്റു യാത്രാ നിർദ്ദേശങ്ങൾ:
- പ്രായപൂർത്തിയാകാത്തവരുടെ ഹോം ക്വാറന്റീൻ സംബന്ധിച്ച പ്രതിജ്ഞാപത്രം രക്ഷിതാക്കൾ ഒപ്പിട്ട് നൽകേണ്ടതാണ്.
- ഖത്തറിലേക്ക് തിരികെ മടങ്ങാൻ അനുവാദം നേടിയിട്ടുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇതിനായി രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളിലുള്ളവരുടെ തൊഴിലുടമകൾക്ക് ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ ‘Exceptional Entry Permit’ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
- മുഴുവൻ യാത്രികരും ‘Ehteraz’ ആപ്പ് നിർബന്ധമായും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- 55 വയസ്സിനു മുകളിൽ പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ തുടങ്ങിയവർക്ക് ഹോം ക്വാറന്റീൻ ചെയ്യാൻ അനുവാദം ലഭിക്കുന്നതാണ്.