ഖത്തർ: നാലാം ഘട്ട ഇളവുകൾ തുടരും; രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ നിർബന്ധം

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ അനുവദിച്ച നാലാം ഘട്ട ഇളവുകൾ തുടരാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു. ഖത്തറിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ അവലോകനം ചെയ്‌തുകൊണ്ടുള്ള പ്രത്യേക അറിയിപ്പിലൂടെ, ഒക്ടോബർ 1, വ്യാഴാഴ്ച്ച രാത്രിയാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ തുടർച്ചയായി വിശകലനം ചെയ്‌ത ശേഷമാണ് കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടത്.

സെപ്റ്റംബർ 1, സെപ്റ്റംബർ 15 എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് നാലാം ഘട്ട ഇളവുകൾ ഖത്തർ നടപ്പിലാക്കിയത്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുസമൂഹത്തോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും മുഴുവൻ സമൂഹവും ഒറ്റകെട്ടായി സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി.

ഇതുവരെ നാല് ഘട്ടങ്ങളിലായി അനുവദിച്ച ഇളവുകൾ രോഗവ്യാപനം രൂക്ഷമാക്കാതെ തന്നെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഏറെ സഹായിച്ചതായി കമ്മിറ്റി നിരീക്ഷിച്ചു. ഖത്തറിലെ രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, COVID-19 മഹാമാരി പൂർണ്ണമായി ഇല്ലാതായി എന്ന് ധരിക്കരുതെന്നും, ജാഗ്രത തുടരണമെന്നും കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

നിലവിലെ സാഹചര്യത്തിൽ നാലാം ഘട്ട ഇളവുകളും, അവയുടെ ഭാഗമായി വിവിധ വാണിജ്യ മേഖലകളിൽ ഏർപ്പെടുത്തിയ പരമാവധി അനുവദനീയമായ പ്രവർത്തന ശേഷികളും തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ മേഖലയിൽ നിന്നുള്ള സൂചികകൾ, സ്ഥിതിഗതികൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും, ആവശ്യമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഏതാനം നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

രോഗവ്യാപനം ഒഴിവാക്കുന്നതിൽ ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഖത്തറിൽ നിലവിൽ രോഗം കണ്ടെത്തുന്നതിൽ ഭൂരിഭാഗം സാഹചര്യങ്ങളും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള സാമൂഹിക ഒത്തുചേരലുകളുമായി ബന്ധപ്പെട്ടതാണെന്നും കമ്മിറ്റി വ്യക്തമാക്കി.

ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധിത ക്വാറന്റീൻ തുടരുമെന്നും കമ്മിറ്റി അറിയിച്ചു. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.