ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രി

GCC News

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനി അറിയിച്ചു. ഡിസംബർ 19, ശനിയാഴ്ച്ചയാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഡിസംബർ 21-ന് കൊറോണ വൈറസ് വാക്സിൻ ആദ്യ ബാച്ച് രാജ്യത്തെത്തുമെന്നും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് മഹാമാരി തടയുന്നതിൽ പരമപ്രധാനമായ ഒരു ചുവടെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്സിൻ ലഭ്യമാകുന്നതോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് തുടക്കമിടുമെന്നും അദ്ദേഹം പ്രത്യാശ പങ്ക് വെച്ചു.

രാജ്യത്ത് വാക്സിൻ ലഭ്യമാക്കുന്നതിനായി ഖത്തർ ഫൈസർ – ബയോഎൻടെക്, മോഡേണ എന്നീ കമ്പനികളുമായി നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഖത്തറിലെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ മുതലായ വിഭാഗങ്ങൾക്കായിരിക്കും വാക്സിൻ നൽകുക എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു.