ഖത്തർ: വിദേശത്ത് നിന്നെത്തുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR, റാപിഡ് പരിശോധനകൾ ഒഴിവാക്കുന്നു

GCC News

രാജ്യത്തെ COVID-19 മുൻകരുതൽ നിബന്ധനകളിൽ 2022 നവംബർ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 26-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഇത് പ്രകാരം, 2022 നവംബർ 1 മുതൽ ഖത്തറിൽ താഴെ പറയുന്ന COVID-19 നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവർ Ehteraz ആപ്പിലൂടെ ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.
  • ഖത്തറിലെത്തുന്ന റെസിഡൻസി വിസകളിലുള്ളവർക്കും, പൗരന്മാർക്കും രാജ്യത്ത് പ്രവേശിച്ച ശേഷം 24 മണിക്കൂറിനിടയിൽ നിർബന്ധമാക്കിയിരുന്ന PCR, റാപിഡ് ടെസ്റ്റുകൾ ഒഴിവാക്കും.
  • ഖത്തറിലെത്തുന്ന സന്ദർശകർക്ക്, നിലവിൽ നിർബന്ധമാക്കിയിട്ടുള്ള, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR, റാപിഡ് ടെസ്റ്റുകൾ ഒഴിവാക്കും.

COVID-19 വ്യാപനം ഒഴിവാക്കുന്നതിനായുള്ള കൈകളുടെ ശുചിത്വം, വാക്സിനേഷൻ, ആരോഗ്യപരമായ ജീവിതശൈലികൾ, രോഗലക്ഷണങ്ങൾ കാണുന്ന ഉടൻ തന്നെയുള്ള പരിശോധന മുതലായ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ പൗരന്മാരോടും, പ്രവാസികളോടും, സന്ദർശകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താൻ 2022 ഒക്ടോബർ 19-ന് ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.