ഖത്തർ: ഇ-കോൺട്രാക്ട് സംവിധാനം നവീകരിച്ചതായി തൊഴിൽ മന്ത്രാലയം

GCC News

ഇ-കോൺട്രാക്ട് സംവിധാനം നവീകരിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 16-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തൊഴിൽ കരാറുകളുടെ ആധികാരികത ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിക്കുന്നതിനുള്ള സൗകര്യം ഈ സംവിധാനത്തിലൂടെ മന്ത്രാലയം ലഭ്യമാക്കിയിരുന്നു.

ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിനും, അവ അംഗീകരിക്കുന്നതിനും, നിരാകരിക്കുന്നതിനും, ഗാർഹിക തൊഴിലാളികളുടെ കോൺട്രാക്ടുകളുടെ സാധുത സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ ഉറപ്പ് വരുത്തുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ കരാറുകൾ 11 വ്യത്യസ്ത ഭാഷകളിൽ വായിക്കുന്നതിനുള്ള സൗകര്യം, സ്ഥിരീകരിച്ച കരാറുകൾ പ്രിന്റ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങൾ ഈ സംവിധാനത്തിലുണ്ട്.