ഖത്തറിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ ഇഹ്തിറാസിൽ (Ehteraz) കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 14-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്ത് COVID-19 രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ച നിറത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Recovered’ എന്ന ഈ പുതിയ സ്റ്റാറ്റസ് രോഗമുക്തി നേടിയവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ലഭിക്കുന്ന അതേ ഇളവുകൾ നേടുന്നതിന് സഹായിക്കുന്നു.
കഴിഞ്ഞ 9 മാസത്തിനിടയിൽ COVID-19 രോഗബാധിതരായ ശേഷം രോഗമുക്തി നേടിയവർക്കാണ് ഈ സ്റ്റാറ്റസ് ലഭിക്കുന്നത്. ഈ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിനായി അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ഒരു ടെസ്റ്റ് നടത്തേണ്ടതാണ് (സ്വയം നടത്തുന്ന റാപിഡ് ആന്റിജൻ പരിശോധനകൾക്ക് ഈ സാധുതയില്ല). 9 മാസത്തിനിടയിൽ COVID-19 രോഗമുക്തരായവർക്ക് ആപ്പിലെ ഈ സ്റ്റാറ്റസ് ഉപയോഗിച്ച് കൊണ്ട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ലഭിക്കുന്ന ഇളവുകൾ നേടാവുന്നതാണ്.
രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത് 9 മാസം പൂർത്തിയാക്കിയവർക്ക്, അവർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെങ്കിൽ, Ehteraz ആപ്പിലെ ഗോൾഡ് ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്നും ഇതോടൊപ്പം ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ആപ്പിലെ ഗോൾഡ് ഫ്രെയിം വാക്സിനേഷൻ തെളിയിക്കുന്നതിനുള്ള സ്റ്റാറ്റസ് ആണെന്നും, രോഗമുക്തി നേടിയത് തെളിയിക്കുന്നതിനല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പ് ആപ്പ് സ്റ്റോറിൽ ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.