ഖത്തർ: സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ജൂലൈ 2, വ്യാഴാഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ജൂലൈ 1-ലെ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തറിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കൊറോണ വൈറസ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് ചർച്ച ചെയ്ത ക്യാബിനറ്റ്, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദനീയമായ, പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം, ജൂലൈ 2 മുതൽ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേ സമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് (ജൂലൈ 1) ആരംഭിച്ചു. ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ ജൂലൈ 1 മുതൽ കൂടുതൽ പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർക്കുകൾ, ബീച്ചുകൾ, മ്യൂസിയം, ലൈബ്രറി മുതലായവ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 60% രോഗികൾക്ക് ചികിത്സകൾ അനുവദിക്കും. ജൂലൈ 1 മുതൽ നിയന്ത്രണങ്ങളോടെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് കർശന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയരായി പ്രവേശനം നൽകും. റെസ്ടാറന്റുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നാല് ഘട്ടങ്ങളിലായാണ് രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത്.