മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ പദ്ധതി തയ്യാറാക്കി: മുഖ്യമന്ത്രി

Kerala News

ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈൻ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം സർക്കാർ ഒരുക്കുന്നു. ഇതിലധികം പേർ വന്നാലും താമസിപ്പിക്കാൻ കഴിയുമെന്നും അതിനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് മടങ്ങാനുള്ള സൗകര്യം കേന്ദ്രം ഏർപ്പെടുത്തിയാൽ ഇവിടെ എത്തുന്നവരുടെ മുഴുവൻ കാര്യവും സംസ്ഥാനം ഏറ്റെടുക്കും. ക്വാറന്റൈൻ മുതൽ വീട്ടിലെത്തിക്കുന്നതുവരെയുള്ള കാര്യങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കേന്ദ്രതീരുമാനം വരുന്നതുവരെ പ്രവാസികൾ ഇപ്പോൾ കഴിയുന്ന രാജ്യങ്ങളിൽ അവിടങ്ങളിലെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് കഴിയണം. ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് എംബസികൾ, മലയാളി സംഘടനകൾ മുഖേന പരമാവധി സഹായവും പിന്തുണയും നൽകാനാണ് നോർക്ക വഴി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.