നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര വിമാന യാത്രികരുടെയും ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഏതാനം ദിനങ്ങൾക്ക് മുൻപ്, കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് ക്വാറന്റീൻ കാലാവധിയും, കുവൈറ്റ് യാത്രാവിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങളുടെ പട്ടികയും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുതിയ തീരുമാനങ്ങൾ കൈകൊള്ളുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാജ്യത്തെ നിലവിലെ രോഗവ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ നിർദ്ദേശങ്ങൾ തത്കാലം നടപ്പിലാക്കേണ്ടതില്ല എന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലെത്തുന്ന യാത്രികർക്കുള്ള 14 ദിവസത്തെ ക്വാറന്റീൻ കാലാവധി തുടരും.
വ്യോമയാന യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ നഷ്ടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ്, കുവൈറ്റ് DGCA ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ, വിദേശ യാത്രികരുടെ ക്വാറന്റീൻ കാലാവധി 7 ദിവസത്തിലേക്ക് ചുരുക്കുന്നതിനു ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നത്.