റാസ് അൽ ഖൈമ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കി; മാളുകളുടെ പരമാവധി പ്രവർത്തനശേഷി 60 ശതമാനമാക്കി

UAE

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളിലും മറ്റും ഒത്ത് ചേരുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 10, ബുധനാഴ്ച്ച ഉച്ചയ്ക്ക് എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പ് തലവൻ കൂടിയായ റാസ് അൽ ഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലും മറ്റും അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം സംബന്ധിച്ച് യോഗത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പ് അറിയിച്ചിട്ടുള്ള COVID-19 നിയന്ത്രണങ്ങൾ:

  • പൊതു ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്ക് പ്രവേശനം നൽകും.
  • ഹോട്ടലുകൾക്ക് കീഴിലുള്ള സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
  • എമിറേറ്റിലെ ഷോപ്പിംഗ് മാളുകളിൽ പരമാവധി ശേഷിയുടെ 60 ശതമാനം പേർക്ക് പ്രവേശനാനുമതി.
  • പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
  • സിനിമാശാലകൾ, വിനോദ കേന്ദ്രങ്ങൾ, ജിം, ഫിറ്റ്നസ് സെന്ററുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തും.
  • കുടുംബയോഗങ്ങൾ, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകൾ മുതലായവയിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം.
  • ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
  • റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ മേശകൾ തമ്മിൽ 2 മീറ്റർ അകലം ഉറപ്പാക്കണം. മേശകളിൽ പരമാവധി നാല് പേർക്ക് മാത്രമാണ് ഇരിപ്പിടങ്ങൾ അനുവദിക്കുന്നത്.
  • പൊതുജനങ്ങളോട് മാസ്കുകൾ ധരിക്കാനും, 2 മീറ്റർ സമൂഹ അകലം ഉറപ്പാക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.