ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി. 2021-നെ വരവേൽക്കുന്നതിനായി 4 കിലോമീറ്റർ നീളമുള്ള, 10 മിനിറ്റിലധികം നേരം നീണ്ടു നിൽക്കുന്ന വെടിക്കെട്ട് പ്രദർശനമാണ് റാസ് അൽ ഖൈമയിൽ അണിഞ്ഞൊരുങ്ങുന്നത്.
ഈ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന വലിയ ജനത്തിരക്ക് കണക്കിലെടുത്ത്, സമൂഹ അകലം ഉൾപ്പടെയുള്ള മുൻകരുതലുകൾ നടപ്പിലാക്കുന്നതിനായി 100-ൽ പരം പോലീസ് പെട്രോളിംഗ് വാഹനങ്ങൾ പരിശോധനകൾക്കായി ഏർപ്പെടുത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. COVID-19 പശ്ചാത്തലത്തിൽ എമിറേറ്റിലെ നിവാസികളുടെയും, സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പുതുവർഷ ആഘോഷങ്ങളുടെ അവസരത്തിൽ, എല്ലാ അടിയന്തിര സാഹചര്യങ്ങളെയും തരണം ചെയ്യുന്നതിനായി മുഴുവൻ ടൂറിസ്റ്റ് മേഖകളിലും പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനും, ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനും എമിറേറ്റിലെ മുഴുവൻ റോഡുകളും തുടർച്ചയായി പോലീസ് നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ പടക്കങ്ങൾ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് തടയുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചുകളിൽ സന്ദർശനം നടത്തുന്നവർ നീന്തലിനായി അനുമതി നൽകിയിട്ടുള്ള മേഖലകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയൊഴുക്ക് കൂടുതലായുള്ള ഇടങ്ങൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
തീരദേശ മേഖലകളിലും, ബീച്ചുകളിലും സുരക്ഷ ഉറപ്പാക്കാനായി നാല് മറൈൻ റെസ്ക്യൂ പെട്രോളുകളെ നിയമിച്ചതായും പോലീസ് വ്യക്തമാക്കി. ഇതിനായി നാല് ഹെലികോപ്റ്ററുകളെയും സജ്ജമാക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്കായി പൊതു ഇടങ്ങൾ സന്ദർശിക്കുന്നവർ മാസ്ക്, സമൂഹ അകലം മുതലായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Photo: @rakpoliceghq