എമിറേറ്റിലെ പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നത് വിലക്കിയതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. ഇത്തരം മേഖലകളിൽ ഇവയ്ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ളതല്ലാത്ത ഇടങ്ങളിലൊഴികെയും, അംഗീകരിച്ചിട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള ഫുട്ബോൾ, ക്രിക്കറ്റ് എന്നീ മത്സരങ്ങൾ അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
മാർച്ച് 21-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന തീരുമാനങ്ങളാണ് അധികൃതർ അറിയിച്ചിട്ടുള്ളത്:
- എമിറേറ്റിലെ പരിസരങ്ങളിൽ COVID-19 പ്രതിരോധ തയാറെടുപ്പുകൾ കൂടാതെയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തുന്ന ഫുട്ബോൾ, മറ്റു മത്സരങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി.
- എമിറേറ്റിലെ പാർപ്പിട മേഖലകളിലെ കെട്ടിടങ്ങൾക്കിടയിലെ പ്രദേശങ്ങളിലും, പരിസരങ്ങളിലും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രിക്കറ്റ് മുതലായ മത്സരങ്ങൾ നടത്തുന്നതിനും വിലക്ക് ബാധകമാണ്.
- ഈ നിർദ്ദേശങ്ങൾ പാലിക്കാതെ ഇത്തരം മത്സരങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതാണ്. ഇതിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്നും, ഇത്തരം നിയമലംഘനങ്ങൾ നടത്തുവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.