റമദാൻ വേളയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് പുറത്തിറക്കി

UAE

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി. എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പാണ് ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

മാർച്ച് 16-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. റമദാൻ വേളയിൽ ആളുകൾ ഒത്ത്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് എമിറേറ്റിൽ നടപ്പിലാക്കുന്നതെന്ന് റാസ് അൽ ഖൈമ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ ആൽവാൻ അൽ നുഐമി വ്യക്തമാക്കി. എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പിന്റെ തലവൻ കൂടിയാണ് അദ്ദേഹം.

ഇതിന്റെ ഭാഗമായി എമിറേറ്റിലെ കുടുംബങ്ങളും, സംഘടനകളും സംഘടിപ്പിക്കുന്ന ഇഫ്‌താർ ടെന്റുകൾക്ക് ഈ വർഷം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇഫ്‌താർ വിരുന്നുകൾക്കായി ആളുകൾ ഒത്ത് ചേരുന്നതും, ഭക്ഷണശാലകൾ, വീടുകൾ, പള്ളികൾ എന്നിവിടങ്ങളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള ഭക്ഷണ വിതരണത്തിനും ഈ വർഷം അനുമതിയുണ്ടായിരിക്കുന്നതല്ല.

ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ അംഗീകൃത ജീവകാരുണ്യ പ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ വഴിമാത്രമാണ് എമിറേറ്റിൽ ഇതിനുള്ള അനുമതി നൽകുന്നത്. എമിറേറ്റിലെ റെസ്റ്ററന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിൽ നിന്നോ, അവയുടെ പരിസരങ്ങളിൽ നിന്നോ ഇഫ്‌താർ ഭക്ഷണപ്പൊതികളുടെ വിതരണം, പ്രത്യേക ഇഫ്‌താർ വിരുന്നുകൾ എന്നിവ അനുവദിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകിയിട്ടുണ്ട്.