എമിറേറ്റിലെ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് അവ പുതുക്കുന്നതിന് 30 ദിവസത്തെ അധികസമയം അനുവദിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2023 ജൂലൈ 12-നാണ് റാസ് അൽ ഖൈമ പോലീസ് ഇക്കാര്യം അറിയിച്ചത്.
റാസ് അൽ ഖൈമ പൊലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ്ങ് വകുപ്പാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മുപ്പത് ദിവസത്തെ കാലാവധിയ്ക്കുള്ളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാത്തവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2019 ജനുവരി 1-നോ അതിന് മുൻപായോ രജിസ്‌ട്രേഷൻ സാധുത അവസാനിച്ച വാഹനങ്ങളെ ഡീ-രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ഡീ-രജിസ്‌ട്രേഷൻ നടപടി ഒഴിവാക്കുന്നതിനായി വാഹനഉടമകൾക്ക് ഈ 30 ദിവസത്തെ അധികസമയം പ്രയോജനപ്പെടുത്തിക്കൊണ്ട് വാഹന രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.
രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി റാസ് അൽ ഖൈമ പൊലീസ് അനുവദിച്ചിട്ടുള്ള 30 ദിവസത്തെ അധികസമയം 2023 ജൂലൈ 12 മുതൽ ആരംഭിച്ചിട്ടുണ്ട്.