തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി റാസ് അൽ ഖൈമ പോലീസ്

UAE

തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. റാസ് അൽ ഖൈമ പോലീസിലെ കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്മെന്റാണ് എമിറേറ്റിലുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുന്നത്.

ഇത്തരം വൈദ്യുതി വിതരണ സംവിധാനങ്ങളിൽ നിന്നും ഏൽക്കാവുന്ന അപകടങ്ങളെ കുറിച്ച് ഓരോ പാർപ്പിട മേഖലകളിലെയും നിവാസികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എമിറേറ്റിലെ പൊതു ജീവിതത്തിൽ സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനുള്ള അധികൃതരുടെ നയത്തിന്റെ ഭാഗമാണ് ഈ പരിപാടികൾ.

ഇതിന്റെ ഭാഗമായി വൈദ്യുതാഘാതമേല്‍ക്കാൻ സാധ്യതയുള്ള തരത്തിൽ റോഡരികിലും മറ്റും തുറന്നു വെച്ചിട്ടുള്ള വയറുകൾ, കേബിളുകൾ മുതലായ വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടങ്ങൾ, ഇത്തരം ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ എന്നിവയിൽ ഓരോ ജനവാസ മേഖലകളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധവത്കരണം നൽകുന്നതാണ്. ഇതോടൊപ്പം ഇത്തരം വയറുകൾ, കേബിളുകൾ എന്നിവ ഉറപ്പോടെയും, വൈദ്യുതാഘാതമേല്‍ക്കാത്ത രീതിയിലും ആവരണം ചെയ്ത് കൃത്യമായി സുരക്ഷിതമാക്കുന്നതിൽ അധികൃതരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ബോധവത്കരണ പരിപാടിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ്.

ജനവാസമേഖലകളിൽ ഇത്തരം സംവിധാനങ്ങൾ കുട്ടികൾക്കും, മുതിർന്നവർക്കും ജീവന് ഒരുപോലെ ഭീഷണിയുയർത്തുന്നവയാണെന്ന് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ. റഷീദ് മുഹമ്മദ് അൽ സൽഹദി വ്യക്തമാക്കി. വൈദ്യുതി, ജലം എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് ജനങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങളിലെ സുരക്ഷാ അവബോധം വളർത്താനും, അതിലൂടെ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും പോലീസ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.