മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

UAE

റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. മറ്റു വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ വളരെ കുറഞ്ഞ വേഗതയിൽ റോഡിൽ വാഹനം ഓടിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം പ്രവർത്തികൾ മറ്റു ഡ്രൈവർമാരെ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും, അതിലൂടെ അപകടങ്ങളിലേക്ക് നയിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

റാസ് അൽ ഖൈമ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗമാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയത്. റോഡിൽ ഓരോ മേഖലയിലും നിശ്ചയിച്ചിട്ടുള്ള സുരക്ഷിത വേഗ പരിധിയിലും വളരെ താഴെയുള്ള വേഗത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു.

ഇത്തരത്തിൽ തീരെ കുറഞ്ഞ വേഗതയിൽ, പ്രത്യേകിച്ചും റോഡിലെ ഇടത് ലേനിൽ, വാഹനം ഓടിക്കുന്നത് മറ്റു വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ആക്ടിങ്ങ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹാർ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ മറ്റു വാഹനങ്ങൾ തെറ്റായ രീതിയിൽ വലത് വശത്ത് കൂടി കടന്ന് പോകാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്, പ്രത്യേകിച്ചും ഇടത് വശത്ത് കൂടി വരുന്ന വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: WAM.