റാസ് അൽ ഖൈമ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കുന്നു

UAE

എമിറേറ്റിലെ ജനവാസ കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. എമിറേറ്റിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാനും, നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കാനുമുള്ള റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.

മാർച്ച് 11-ന് രാവിലെയാണ് റാസ് അൽ ഖൈമ പോലീസ് ഈ അറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ മുഴുവൻ ജനവാസ മേഖലകളിലും കർശനമായ പരിശോധനാ നടപടികൾ ഉണ്ടാകുന്നതാണ്.

എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പിന്റെ തലവൻ H.E. മേജർ ജനറൽ അലി അബ്‌ദുല്ല ബിൻ അൽവാൻ അൽ നുഐമി വിവിധ പരിശോധനാ വിഭാഗങ്ങൾക്ക് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്. COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ എമിറേറ്റിലെ പൊതുസമൂഹത്തോട് പോലീസ് ആഹ്വാനം ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായി, പരിശോധനകളുമായി സഹകരിക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാസം ഏർപ്പെടുത്തിയ സുരക്ഷാ നിയമങ്ങളും, നിയന്ത്രണങ്ങളും 2021 ഏപ്രിൽ 8 വരെ തുടരാൻ തീരുമാനിച്ചതായും റാസ് അൽ ഖൈമ പോലീസ് അറിയിച്ചിട്ടുണ്ട്.