റാസ് അൽ ഖൈമ: COVID-19 ചികിത്സകൾക്കായി ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

UAE

കൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. എമിറേറ്റിലെ COVID-19 രോഗബാധിതർക്കുള്ള ചികിത്സാ സേവനങ്ങൾക്ക് കരുത്ത് പകരുന്നതിനായാണ് ഈ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചിട്ടുള്ളത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ആശുപത്രി അതിനൂതനമായ ആരോഗ്യ മാനദണ്ഡങ്ങളും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ രീതികളും ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 7000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ഈ ഫീൽഡ് ഹോസ്പിറ്റൽ അബുദാബി ഹെൽത്ത് സർവീസ് കമ്പനിയുമായി (SEHA) സഹകരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.

75 ഡോക്ടർമാർ, 231 നേഴ്സുമാർ, 44 പാരാമെഡിക്കൽ സേവകർ എന്നിവരുടെ സേവനം ഈ ആശുപത്രിയിൽ ലഭ്യമാണ്. ആകെ 204 കിടക്കകളാണ് ഈ ഫീൽഡ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 48 എണ്ണം ICU സേവനങ്ങൾക്കായാണ്.

രാജ്യത്തെ മുഴുവൻ നിവാസികൾക്കും ലോകനിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നതെന്നും, COVID-19 പ്രതിരോധ നടപടികളിൽ യു എ ഇ പുലർത്തുന്ന പ്രതിബദ്ധതയുടെ അടയാളമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ എന്നും H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനവേളയിൽ അഭിപ്രായപ്പെട്ടു.

WAM