അൽ ഉല മേഖലയിൽ നിന്നുള്ള, രണ്ടായിരം വർഷത്തോളം പഴക്കമുള്ള നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ ആകൃതി റോയൽ കമ്മീഷൻ ഫോർ അൽ ഉലയിലെ (RCU) വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ പുനഃസൃഷ്ടിച്ചു. 2023 ഫെബ്രുവരി 6-നാണ് RCU ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
പ്രാചീന നഗരമായ ഹെഗ്രയിൽ നിന്ന് കണ്ടെത്തിയ, ബി സി ആദ്യ നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന, ‘ഹിനത്’ എന്ന പേരിൽ അറിയപ്പെടുന്ന നബാത്തിയൻ കാലഘട്ടത്തിലെ ഒരു വനിതയുടെ അസ്ഥിപഞ്‌ജരമാണ്, ഡിജിറ്റൽ രീതിയിലുള്ള ഈ പുനഃസൃഷ്ടിയ്ക്കായി വിദഗ്‌ദ്ധർ ഉപയോഗിച്ചത്.

അൽ ഉല മേഖലയുടെ പൈതൃകം ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിന് ഭാഗമായാണ് ഈ ഗവേഷണ നടപടികൾ നടത്തിയത്.
നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ പുനഃസൃഷ്ടി 2023 ഫെബ്രുവരി 6 മുതൽ ഹെഗ്രയിലെ സന്ദർശക കേന്ദ്രത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ഹെഗ്രയിലെ ഒരു ശവകുടീരത്തിൽ നിന്ന് 2008-ലാണ് ഈ അസ്ഥിപഞ്‌ജരം കണ്ടെത്തിയത്. ഇതോടൊപ്പം, ചർമത്തിന്റെയും, മുടിയുടെയും, അവശിഷ്ടങ്ങൾ, തുണിത്തരങ്ങൾ, തുകൽ, മറ്റുവസ്തുക്കൾ എന്നിവയുംകണ്ടെത്തിയിരുന്നു.

ഈ ശവകുടീരത്തിൽ കണ്ടെത്തിയ ‘വഹ്ബുവിന്റെ മകൾ ഹിനത്’ എന്ന മുദ്രണത്തിൽ നിന്നാണ് ഈ അസ്ഥിപഞ്‌ജരത്തിന് ഈ പേര് ലഭിച്ചത്. ഹെഗ്രയിലെ നബാത്തിയൻ സമൂഹത്തിനിടയിൽ ഈ വനിതയ്ക്ക് പ്രമുഖമായ ഒരു സ്ഥാനം ഉണ്ടായിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നതായി വിദഗ്‌ദ്ധർ അറിയിച്ചു.

സ്വന്തമായുള്ള ഒരു സ്മാരക ശവകുടീരം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്‌ദ്ധർ കൂട്ടിച്ചേർത്തു. ഇവരുടെ ശവകുടീരത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഹെഗ്രയിലെ പ്രാചീന ശിലാലിഖിതങ്ങളിൽ കണ്ടെത്തിയവയ്ക്ക് സമാനമാണെന്നും വിദഗ്‌ദ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, നബാത്തിയൻ നാഗരികതയെ സംബന്ധിച്ച് വൈദഗ്ദ്ധ്യമുള്ള ഏതാനം വിദഗ്‌ദ്ധർ ചേർന്ന് ഈ വനിതയുടെ ഒരു ലഘുജീവചരിത്രം നിർമ്മിക്കുകയും, അവരുടെ മുഖത്തിന്റെ ആകൃതി പുനഃസൃഷ്ടിക്കുന്നതിനൊപ്പം അവരുടെ ഛായാചിത്രത്തിന്റെ പശ്ചാത്തലമായി ഇവരുടെ ശവകുടീരത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നരവംശശാസ്‌ത്രം, ഡിജിറ്റൽ മോഡലിങ്ങ് തുടങ്ങിയ മേഖലകളിലെ വിദഗ്‌ദ്ധരും ഈ സംഘത്തിൽ ഉൾപ്പെടുന്നു.
Prepared By: Pramod S Nair.