അടിയന്തിര ഘട്ടങ്ങളും നമ്മുടെ മനസ്സും

Editorial

സമയബന്ധിതമായി തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന നമുക്ക് അറിയാത്ത ഒരു കാര്യമാണെന്ന് തോന്നുന്നു ജീവിതത്തിൽ നാം പ്രതീക്ഷിയ്ക്കാതെയുള്ള വെല്ലുവിളികളെ ഉൾക്കൊള്ളുക എന്നുള്ളത്. എല്ലാം നമ്മൾ പ്രതീക്ഷിച്ചപോലെ നടക്കണം അതിൽ ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടാകുമ്പോൾ ഉള്ള പ്രതിഷേധവും, രോഷവും, സങ്കടവും ഈ ഒരു മനസ്ഥിതിയുടെ ഫലമായി കണക്കാക്കാവുന്നതാണ്.

ഇപ്പോൾ നമ്മൾ കടന്നു പോകുന്നത് മുന്നിൽ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യത്തിലൂടെയാണ്. അതിന്റെ ഭാഗമായി ലോകം തന്നെ പല ഉത്തരങ്ങളും തേടുന്നതും നമുക്ക് കാണാം. തുടക്കത്തിൽ നമ്മുടെ ചോദ്യങ്ങൾ ഇതെവിടെ നിന്ന് വന്നു, എങ്ങിനെ പരന്നു എന്നൊക്കെയായിരുന്നെങ്കിൽ ഇപ്പോൾ ആ ചോദ്യങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് എങ്ങിനെ ഈ ലോകം ചുറ്റി സഞ്ചരിക്കുന്ന വ്യാധിയെ തടയാം എന്നതായി മാറിയിരിക്കുന്നു. ഇതിനു കൂട്ടായ പ്രയത്നങ്ങൾ അനിവാര്യമാണ്. രാജ്യങ്ങൾ തമ്മിലുള്ള സ്വര ചേർച്ച ഈ സമയത്ത് ഉറപ്പുവരുത്തണം. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.

യാത്രാ നിയന്ത്രണം

മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ച് നാം ഈ ഘട്ടത്തിൽ ആലോചിച്ചാൽ അസുഖം ബാധിച്ച് കിടപ്പിലാവുന്നതാവും ചിലപ്പോൾ അതിന്റെ ഫലം. അതുകൊണ്ട് എന്തുകൊണ്ടാണ് യാത്രകൾ നിയന്ത്രിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കണം. COVID-19 ആദ്യമായി പുറത്തറിയുന്നത്, നമ്മളിൽ ബഹുഭൂരിപക്ഷവും ആദ്യമായി കേൾക്കുന്ന ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ നിന്നുമാണ്. അവിടെ നിന്നും കേട്ടറിവുള്ള പല ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത് ഇന്ന് 150-ഓളം രാജ്യങ്ങളിൽ അത് വ്യാപിച്ചിരിക്കുന്നു. ഈ ദൂരമത്രയും ഒരു ചിലന്തിവലപോലെ മനുഷ്യൻ നെയ്തെടുത്ത യാത്രാപഥത്തിലൂടെയാണ് ആ മാരക വൈറസ് സഞ്ചരിച്ചത്.

യാത്രകൾ കുറയ്ക്കണം എന്ന ലോകാരോഗ്യ സംഘടയുടെ അറിയിപ്പുകൾക്ക് രാജ്യങ്ങൾ ചെവിയോർത്തത് മരണ സംഖ്യകളുടെ തീവ്രത മനസ്സിലാക്കിയതിനു ശേഷമായിരുന്നു എന്നത് ഖേദകരം. നമ്മുടെ നാട്ടിലാകട്ടെ ആളുകൾ തിരക്ക് പിടിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കേണ്ടതും അനിവാര്യമാണ്. വികാരങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന നമ്മൾ മലയാളികൾ ആദ്യം ഇത്തരം നിയന്ത്രണങ്ങളെയും കേട്ടത് മനസ്സുകൊണ്ടാണ്, “അതിപ്പോ എന്താ കുഴപ്പം“, “എന്നുകരുതി മനുഷ്യന് പുറത്തിറങ്ങാതിരിക്കാൻ കഴിയുമോ?” എന്നെല്ലാം നമ്മൾ മുറുമുറുത്തു , എന്നാലിപ്പോൾ പതിയെ നാം ഈ വിഷയത്തിന്റെ തീക്ഷ്ണത മനസ്സിലാക്കി വികാരങ്ങൾക്ക് ഇടവേളയിട്ട് ബുദ്ധികൊണ്ട് കാര്യങ്ങളെ കാണുവാൻ തുടങ്ങിയിരിക്കുന്നത് നല്ല ഒരു നീക്കമായി മനസ്സിലാക്കാം.

ആൾതിരക്കു കൂടുന്ന വിവാഹം, ആഘോഷം, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ, പള്ളികളിൽ ഉള്ള കൂട്ടായ പ്രാർത്ഥനകൾ എല്ലാം ഇന്ന് നിയന്ത്രിച്ചിരിക്കുകയാണ്. ആളുകൾ ഒത്തു കൂടാനിടയുള്ള അവസ്ഥകൾ ഓരോന്നായി ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്നും നമുക്ക് ഈ സമയത്ത് വിശകലനം ചെയ്യാം. വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതിലെ മുഖ്യ കാരണം നമ്മളിൽ നിന്നുണ്ടാകുന്ന സ്രവങ്ങളും, ഉമിനീരും, തുമ്മൽ, ചുമ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് പടരുന്നതിലൂടെ ആണെന്നാണ് കണക്കാക്കുന്നത്. 1 മീറ്റർ അല്ലങ്കിൽ 3 അടി ദൂരമാണ് സുരക്ഷിതമായ അകലമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. തമാശയ്ക്ക് ചോദിക്കുന്നത് പോലെ “1 മീറ്ററിൽ കൂടുതൽ വൈറസ് ചാടിക്കടക്കില്ലേ?” എന്ന മറുചോദ്യത്തിനു, പറഞ്ഞല്ലോ ചോദ്യങ്ങൾ ഒരുപാടുണ്ട് നമ്മുടെ മുന്നിൽ. അതിനിടയ്ക്ക് ഇത്തരം ചോദ്യങ്ങളെ മൃദുവായ ഒരു പുഞ്ചിരിയോട് കൂടി ഉൾക്കൊണ്ട് നമ്മൾ ചെയ്യേണ്ടുന്ന ലളിതമായ സുരക്ഷാ ഉത്തരവാദിത്തങ്ങൾ ചെയ്യേണ്ടത് ഈ ഘട്ടത്തിൽ വളരെ പ്രാധാന്യമേറിയ ഒന്നാണ്.

കൈകളുടെ ശുചിത്വം

വ്യക്തി ശുചിത്വത്തിൽ കൈകൾക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു ദിനം നാം എവിടെയൊക്കെ, എന്തെല്ലാം ആ കൈകൾ ഉപയോഗിച്ച് ചെയ്യുന്നു. അതെ കൈകൊണ്ട് തന്നെ നാം മൂക്ക് ചൊറിയുകയും, ഭക്ഷണം കഴിക്കുകയും, ചെവിയും കണ്ണും വൃത്തിയാക്കുകയും ചെയ്യുന്നു. ഇതേ കൈകൾകൊണ്ട് നമ്മൾ പലർക്കും ഹസ്തദാനം കൊടുക്കുന്നു, കുട്ടികളെ കളിപ്പിക്കുന്നു; അങ്ങിനെ പലതും. അപ്പോൾ ഇനിയൊന്നാലോചിക്കു, കൈകൾ ശുചിയാക്കേണ്ടത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന്. നല്ല വെള്ളത്തിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് ആദ്യം കൈകൾക്കുള്ളിലും, പിന്നെ കൈപ്പത്തിക്ക് പുറകിലും,വിരലുകൾക്കിടയിലും വൃത്തിയായി കഴുകുക. ഇതെല്ലാം അറിയുന്നതാണെങ്കിലും ശീലമാക്കേണ്ടത് അത്യാവശ്യമാണ്.

പൊതുഗതാഗതം

പലവിധ ശാരീരികാവസ്ഥകൾ വച്ചാണ് നാം ഓരോരുത്തരും പലയിടങ്ങളിലേയ്ക്കും യാത്രകൾ ചെയ്യുന്നത്. അതിൽ പനിയുള്ളവരുണ്ടായിരിക്കാം, ചുമയുള്ളവരുണ്ടായിരിക്കാം, പ്രതിരോധശക്തി ഉള്ളവരും ഇല്ലാത്തവരും ഉണ്ടായേക്കാം; അതുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ചുള്ള യാത്രകൾ ഇത്തരം സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉത്തമം. യാത്ര കഴിഞ്ഞെത്തിയാൽ ദേഹം ശുചിയാക്കി മറ്റു തിരക്കുകളിലേക്ക് കടക്കുന്നതായിരിക്കും നല്ലതും.

ഇത്തരം നിയന്ത്രണാവസ്ഥകളിൽ നാം ഭരണകൂട വിജ്ഞാപനങ്ങളെയും, ശരിയായ വാർത്തകളെയും മാത്രം പാലിക്കാനും, വിശ്വാസിക്കാനും ശ്രമിക്കണം. ഒരുപാട് ഇന്റർനെറ്റ് വൈദ്യന്മാരും, ഒറ്റമൂലിക്കാരും ഈ ഇരുട്ടിൽ നൽകുന്ന സൗജന്യ ഉപദേശങ്ങൾ രണ്ടുതവണ ആലോചിച്ച് പരീക്ഷിച്ചാൽ മതിയാകും. ചിലരാകട്ടെ പരീക്ഷണങ്ങളിൽ മിനക്കെടാതെ തന്റെ പ്രിയപ്പെട്ടവർക്ക് വൈറസ് പടരുന്നത് പോലെ ഇത്തരം വാർത്തകളെയും പടർത്തി വിടുന്നു; അത്തരത്തിൽ നുണകൾ കാട്ടുതീ പോലെ പ്രചരിക്കുകയും ചെയ്യുന്നു.

ഇതൊരു പരീക്ഷണ ഘട്ടമാണ്, നാം വളരെ ശ്രദ്ധിച്ച് നീങ്ങേണ്ട സമയവും. മറ്റു മാനസിക വ്യാപാരങ്ങളെല്ലാം അല്പ്പം മാറ്റിവച്ച് സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല മറിച്ച് അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണത്. എല്ലാവരും ശുചിത്വം ശീലമാക്കുക, മനസ്സും ശരീരവും ശുചിയായിരിക്കട്ടെ, അസുഖം പടരുന്നതും പടർത്തുന്നതും തടയാനാകും. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ വിമർശനങ്ങൾക്ക് ഇടവേളക്കൊടുക്കാം, പകരം പരസ്പ്പരം സഹകരിക്കാം.