റിയാദിലെ കെട്ടിട വാടക മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പുതിയ തീരുമാനപ്രകാരം റിയാദിൽ അടുത്ത അഞ്ച് വർഷത്തേക്ക് കെട്ടിട വാടക ഉയർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾക്ക് ഒരുപോലെ ബാധകമാണ്.
വാടക ചെലവ് നിയന്ത്രിക്കുന്നതിനും, കെട്ടിടഉടമകൾക്കും, താമസക്കാർക്കും ഇടയിൽ ന്യായം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം. റിയാദിലെ കെട്ടിട വാടക രംഗത്ത് ഉണ്ടായ കുതിച്ച് ചാട്ടം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ ഉത്തരവിന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകാരം നൽകിയിരുന്നു.
ഈ പുതിയ തീരുമാനം 2025 സെപ്റ്റംബർ 25-ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ തീരുമാന പ്രകാരം റിയാദ് നഗരപരിധിയിൽ നിലവിലുള്ളതും, പുതിയതുമായ വാടകകരാറുകളിൽ ആകെ വാടകത്തുക അടുത്ത അഞ്ച് വർഷത്തേക്ക് ഉയർത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.

