ഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായും, അവ ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിച്ചതായും സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 12-നു അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ അപേക്ഷകൾ പരിശോധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തവണത്തെ ഹജ്ജ്, നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം നേരത്തെ
അറിയിച്ചിരുന്നു. ഈ വർഷം തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനു അനുവാദം നൽകാൻ ഉദ്ദേശിക്കുന്ന 10000 തീർത്ഥാടകാരിൽ, 70 ശതമാനം പേരെയും നിലവിൽ സൗദിക്കകത്തുള്ള പ്രവാസികളിൽ നിന്നായിരിക്കും തിരഞ്ഞെടുക്കുക എന്ന് വ്യക്തമാക്കിയ മന്ത്രാലയം, തീർത്ഥാടനത്തിന് അനുവാദം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജൂലൈ 6 മുതൽ ജൂലൈ 10 വരെ ഓൺലൈനിലൂടെ സ്വീകരിച്ചിരുന്നു.
ബാക്കി 30 ശതമാനം പേരെ, COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന, ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ജീവനക്കാർ മുതലായ, സൗദി പൗരന്മാരിൽ നിന്ന്, മന്ത്രാലയം ആരോഗ്യ വകുപ്പുമായി ചേർന്ന് നേരിട്ട് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള, പൂർണ്ണമായും ആരോഗ്യവാന്മാരായവരിൽ നിന്നാണ് ഇത്തവണത്തെ തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നത്.