റെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി അറിയിച്ചു. യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായിരുന്ന ICA അംഗീകാരം നേടുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി, ഇതിനുള്ള രജിസ്ട്രേഷൻ സംവിധാനം നിർത്തലാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്ക് സ്വയമേവ അംഗീകാരം നൽകുന്നതിനുള്ള നടപടികൾ എടുത്തതായും ICA അറിയിപ്പിൽ പറയുന്നുണ്ട്.
രാജ്യത്തെ വേനൽക്കാല അവധി ദിനങ്ങൾ അവസാനിക്കാറായതും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതും, വാണിജ്യ പ്രവർത്തനങ്ങളും മറ്റും സാധാരണ നിലയിലേക്ക് മടങ്ങിയതും കണക്കിലെടുത്താണ് ഈ തീരുമാനം. ഓഗസ്റ്റ് 12, 2020 മുതൽ ഈ തീരുമാനം നടപ്പിലാവുന്നതാണ്. മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന റെസിഡന്റ് വിസകളിലുള്ളവർക്ക് https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ ഐഡി നമ്പർ, പാസ്സ്പോർട്ട് നമ്പർ, പൗരത്വം മുതലായ സ്വകാര്യ വിവരങ്ങൾ നൽകാവുന്നതാണ്.
ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്ക് മുൻപായി, യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകളിൽ നിന്നോ, അവ ഇല്ലാത്ത ഇടങ്ങളിൽ അതാത് രാജ്യങ്ങളുടെ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നോ, 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്. കൊറോണാ വൈറസ് ബാധിതനല്ല എന്ന് തെളിയിക്കുന്ന ഈ രേഖ വിമാനകമ്പനികൾക്ക് നൽകേണ്ടതാണ്.
യു എ ഇയ്ക്ക് പുറത്തു നിന്നുള്ള റസിഡന്റ് വിസകളിലുള്ളവർക്ക് മടങ്ങിയെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ:
- https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ ഐഡി നമ്പർ, പാസ്സ്പോർട്ട് നമ്പർ, പൗരത്വം മുതലായ സ്വകാര്യ വിവരങ്ങൾ നൽകി മടങ്ങുന്നതിനുള്ള സന്നദ്ധത അറിയിക്കുക.
- യാത്രയ്ക്ക് മുൻപായി, അംഗീകൃത ലാബുകളിൽ നിന്നുള്ള 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമായതിനാൽ, ഇത്തരം പരിശോധനയ്ക്ക് വിധേയരാകുക.
- ഇതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുക.
- PCR നെഗറ്റീവ് പരിശോധനാ ഫലം വിമാനകമ്പനികൾക്ക് നൽകേണ്ടതാണ്.
- യു എ ഇയിൽ പ്രവേശിച്ച ശേഷം COVID-19 പരിശോധന നിർബന്ധമാണ്.
- അൽ-ഹൊസൻ ആപ്പ് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.
- യു എ ഇയിലെ ക്വാറന്റീൻ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.