വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി. യു എ ഇയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പുകളുടെ വിവരം അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ യു എ ഇ പൗരന്മാരോടും, പ്രവാസികളോടും ADPHC ആഹ്വാനം ചെയ്തിട്ടുണ്ട്.
യു എ ഇയിൽ നിന്ന് സ്വീകരിക്കുന്ന വാക്സിൻ കുത്തിവെപ്പുകളുടെ വിവരങ്ങൾ സ്വയമേവ അൽ ഹൊസൻ ആപ്പിൽ ലഭ്യമാകുന്നതാണ്. എന്നാൽ വ്യക്തികൾക്ക് തങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പുകളുടെ വിവരം അൽ ഹൊസൻ ആപ്പിൽ ഉൾപ്പെടുത്താമെന്ന് ADPHC അറിയിച്ചു.
അബുദാബിയിലെ വിവിധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാണെന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള വാക്സിനേഷൻ കുത്തിവെപ്പ് വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് വ്യക്തികൾക്ക് ഏറെ സഹായകമാകുന്നതാണ്. ഈ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ADPHC വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പുകളുടെ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:
- അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന്റെ ആദ്യ പടി എന്ന നിലയിൽ വിദേശത്ത് നിന്നെടുത്തിട്ടുള്ള വാക്സിൻ യു എ ഇ ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവർ അംഗീകരിച്ചിട്ടുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. യു എ ഇ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 1-ന് ശേഷം സ്വീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പുകളാണ് ഇത്തരത്തിൽ അൽ ഹൊസൻ ആപ്പിൽ ഉൾപ്പെടുത്താനാകുന്നത്.
- വാക്സിൻ സർട്ടിഫിക്കറ്റുകളിൽ വ്യക്തിയുടെ പേര്, വ്യക്തിയുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്സ്പോർട്ടിലെ യൂണിഫൈഡ് നമ്പർ, വാക്സിന്റെ പേര്, ബാച്ച് അല്ലെങ്കിൽ ലോട്ട് നമ്പർ, വാക്സിനെടുത്ത തീയതി, വാക്സിനെടുത്ത സ്ഥലത്തിന്റെ പേര്, രാജ്യത്തിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണമെന്നത് നിർബന്ധമാണ്.
- ഇത്തരം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് അബുദാബിയിലെ SEHA-യുടെ കീഴിലുള്ള ക്ലിനിക്കുകൾ, മുബാദല ഹെൽത്ത്കെയർ കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് കൊണ്ട് വാക്സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
- വാക്സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ അൽ ഹൊസൻ ആപ്പിൽ ഇത് സംബന്ധിച്ച കളർ കോഡ് സ്റ്റാറ്റസ് ലഭിക്കുന്നതാണ്. ഗ്രീൻ പാസ് ലഭിക്കുന്നവർക്ക് അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് ഉപയോഗിക്കാവുന്നതാണ്.
- സ്റ്റാറ്റസ് ഗ്രേ നിറത്തിലാകുന്നവർക്ക് COVID-19 PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നതോടെ ഗ്രീൻ പാസ് പ്രവർത്തനക്ഷമമാകുന്നതാണ്. രോഗബാധിതരാകുന്നവർക്ക് അൽ ഹൊസൻ ആപ്പിൽ റെഡ് സ്റ്റാറ്റസ് ലഭിക്കുന്നതാണ്.
അൽ ഹൊസൻ ആപ്പ് സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 800 HOSN (800 4676) എന്ന നമ്പർ ഉപയോഗപ്പെടുത്താവുന്നതാണ്.
അൽ ഹൊസൻ ആപ്പിൽ ഉൾപ്പെടുത്താൻ അനുമതിയുള്ള COVID-19 വാക്സിനുകൾ:
- ഫൈസർ ബയോഎൻടെക്.
- സിനോഫാം.
- സിനോവാക്.
- സ്പുട്നിക് V.
- ഹയാത്ത് വാക്സ്.
- ഓക്സ്ഫോർഡ് ആസ്ട്രസെനേക.
- മോഡർന.
- കോവിഷീൽഡ്.
- ജാൻസ്സൻ.