ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി അറിയിച്ചു. എന്നാൽ ഇവർക്ക് ഏതാനം നിബന്ധനകളോടെയാണ് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒമാനിൽ നിന്ന് അംഗീകൃത COVID-19 വാക്സിന്റെ ഒരു ഡോസ് കുത്തിവെപ്പെടുത്ത ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങിയ പ്രവാസികൾക്ക് താഴെ പറയുന്ന നിബന്ധനകളോടെയാണ് തിരികെ പ്രവേശനം അനുവദിക്കുന്നത്:
- ഇവർക്ക് ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- ഇവർ ഒമാനിലെത്തിയ ശേഷം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഇവർക്ക് 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
- ഇവർ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഇവർ ഒമാനിലെത്തിയ ശേഷം എത്രയും വേഗം രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
അതേസമയം, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണം. ഇവർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയിരിക്കണം. ഇവർ ഇത്തരത്തിൽ ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ തെളിവായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ആധികാരികത തെളിയിക്കുന്നതിനായി, ഇപ്രകാരം ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.