അബുദാബി: COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം

GCC News

രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയതായി അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. ജൂൺ 29, തിങ്കളാഴ്ച്ച വൈകീട്ടാണ് അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത്, അബുദാബി പോലീസ് എന്നിവരുമായി ചേർന്ന് സംയുക്തമായി കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ എടുത്ത ടെസ്റ്റിന്റെ ഫലമാണ് ഇതിനായി അധികൃതർക്ക് നൽകേണ്ടത്.

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ COVID-19 പരിശോധനകൾ നടത്തിയ ശേഷം, അൽഹൊസൻ ആപ്പിലൂടെയോ, SMS വഴിയോ ലഭിക്കുന്ന പരിശോധനാ ഫലമാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ അധികൃതർക്ക് നൽകേണ്ടത്. അബുദാബിയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ നിലവിൽ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

തപാൽ, ആവശ്യവസ്തുക്കൾ എന്നിവയുടെ നീക്കത്തിന് നൽകിയിട്ടുള്ള ഇളവുകൾ തുടരും. അബുദാബിയിലെ നിവാസികളോട് മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിൽ നിന്നുള്ളവരല്ലാത്ത, മറ്റു എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾക്കു എമിറേറ്റിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരും.

കൊറോണ വൈറസ് ടെസ്റ്റിംഗ് വ്യാപകമാക്കുന്നതിനായി, ജൂൺ 2 മുതൽ എമിറേറ്റിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എമിറേറ്റിലെ നിയന്ത്രണങ്ങൾ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒഴിവാക്കിയിരുന്നെങ്കിലും മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ തീരുമാനത്തോടെ, COVID-19 രോഗം ഇല്ല എന്ന് തെളിയിക്കുന്നവർക്ക്, അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിരിക്കുകയാണ്.