വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം യാത്രാവിലക്കുകളുള്ള രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾക്ക് ബാധകമല്ലെന്ന് സൗദിയ

GCC News

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം സൗദി അറേബ്യ പ്രത്യേക യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 20 രാജ്യങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന് ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. കൊറോണ വൈറസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പടെയുള്ള 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദി അറേബ്യ ഫെബ്രുവരി 3 മുതൽ വിലക്കേർപ്പെടുത്തിയിരുന്നു.

മെയ് 17 മുതൽ സൗദിയിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിച്ചാലും, സൗദി അറേബ്യ പ്രത്യേക യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 20 രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ ആരംഭിക്കില്ലെന്നാണ് സൗദിയ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 21-ന് രാവിലെയാണ് സൗദിയ ഈ അറിയിപ്പ് നൽകിയത്. മെയ് 17 മുതൽ സൗദിയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയതായി സൗദിയ നേരത്തെ അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് സൗദിയ അധികൃതർ ഇക്കാര്യം അറിയിച്ചത്. “നിലവിലെ അറിയിപ്പ് വെച്ച് മെയ് 17 മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുന്നതാണ്. എന്നാൽ ഇത് കൊറോണ വൈറസ് വ്യാപനം മൂലം രാജ്യത്തെ ഔദ്യോഗിക കമ്മിറ്റി യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾക്ക് ബാധകമായിരിക്കില്ല.”, സൗദിയ അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

അർജന്റീന, ഇന്ത്യ, യു കെ, യു എ ഇ, ജർമനി, യു എസ്, ഇന്തോനേഷ്യ, ജപ്പാൻ, അയർലണ്ട്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർട്ടുഗൽ, ടർക്കി, സൗത്ത് ആഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ലെബനൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കാണ് സൗദി ഫെബ്രുവരി 3 മുതൽ പ്രത്യേക വിലക്കേർപ്പെടുത്തിയത്. നിലവിൽ ഈ രാജ്യങ്ങളിൽ നിന്ന് സൗദി പൗരന്മാർ, ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാത്രമാണ് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ഈ രാജ്യങ്ങളിലൂടെ 14 ദിവസത്തിനിടയിൽ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

എന്നാൽ, രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്കും, വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷവും മാത്രമായിരിക്കും കൈകൊള്ളുന്നതെന്ന് COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ സെക്രട്ടറി ഡോ. തലാൽ അൽ തുവൈജിരി ഏപ്രിൽ 18-ന് വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിലും, സൗദിയിലും നിലവിലുള്ള COVID-19 രോഗബാധയുടെ പശ്ചാത്തലവും, രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യങ്ങളും വിലയിരുത്തുമെന്നും, മെയ് 17 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അവസാന നിമിഷം മാത്രമേ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകൂ എന്നുമാണ് അധികൃതർ തരുന്ന സൂചന. എന്നാൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പൂർണ്ണമായും തള്ളിക്കളയുന്നതുമില്ല.