റിയാദ് വിമാനത്താവളത്തിൽ ബോർഡിങ്ങ് പാസിന് പകരം ഫേസ്പ്രിന്റ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി

Saudi Arabia

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു. 2023 ഫെബ്രുവരി 27-ന് വൈകീട്ടാണ് റിയാദ് എയർപോർട്ട്സ് കമ്പനി ഇക്കാര്യം അറിയിച്ചത്.

വ്യോമഗതാഗത മേഖലയിലെ സാങ്കേതിവിദ്യകളുടെ സേവനദാതാക്കളായ SITA-യുമായി ചേർന്നാണ് റിയാദ് എയർപോർട്ട്സ് കമ്പനി കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്.

‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനത്തിലൂടെ ബോർഡിങ്ങ് പാസ് ഉൾപ്പടെയുള്ള യാത്രാ രേഖകൾ കൂടാതെ യാത്രികന്റെ ഡിജിറ്റൽ ഫേസ്പ്രിന്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്രകൾ സാധ്യമാകുന്നതാണ്. ഈ സംവിധാനത്തിന് യാത്രികരെ അവരുടെ മുഖത്തിന്റെ ആകൃതി സംബന്ധിച്ച ഡിജിറ്റൽ ഫേസ്പ്രിന്റിലൂടെ തിരിച്ചറിയുന്നതിന് സാധിക്കുന്നതാണ്.

വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നതെന്ന് റിയാദ് എയർപോർട്ട്സ് കമ്പനി വ്യക്തമാക്കി. SITA-യുടെ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫേസ്പോഡ് കാമറകൾ ഉപയോഗിച്ച് കൊണ്ട് യാത്രികരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും, പിന്നീട് അവരെ തിരിച്ചറിയുന്നതിനും സാധിക്കുന്നതാണ്.

ഈ സാങ്കേതികവിദ്യയിലൂടെ ബോർഡിങ്ങിനായി എടുക്കുന്ന സമയം 20 ശതമാനത്തോളം കുറയ്ക്കുന്നതിന് സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Cover Image: Saudi Press Agency.