2023 മെയ് 9-ന് അർദ്ധരാത്രി മുതൽ റുസൈൽ – ബിദ്ബിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മെയ് 9-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അൽ അൻസാബിൽ നിന്ന് നിസ്‌വയിലേക്ക് യാത്ര ചെയ്യുന്നവർക്ക് റുസൈൽ – ബിദ്ബിദ് റോഡിലെ ഗാല ടണൽ അടയ്ക്കുന്ന രീതിയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
അൽ അൻസാബിൽ നിന്ന് നിസ്‌വയിലേക്ക് യാത്ര ചെയ്യുന്നവർ മസ്കറ്റ് എക്സ്പ്രസ് വേ ഇന്റർസെക്ഷനിൽ നിന്ന് മറ്റു റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലെ റോഡിൻറെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Cover Image: @mtcitoman.