ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 8-നാണ് ROP ഇക്കാര്യം അറിയിച്ചത്.
പാസ്സ്‌പോർട്ട്, റെസിഡൻസി നടപടികൾ, വാഹനങ്ങളുടെ സുഗമമായ യാത്ര എന്നിവയ്ക്കായി ഈ ചെക്‌പോയിന്റിൽ എല്ലാ നൂതന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ROP വ്യക്തമാക്കി.
എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയന്റിലൂടെ കടന്ന് പോകുന്ന യാത്രികർക്ക് കാലതാമസം കൂടാതെ വിസ സേവനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഒരുക്കിയതായും ROP കൂട്ടിച്ചേർത്തു. ഇതോടൊപ്പം കസ്റ്റംസ് ക്ലിയറൻസ് നടപടികളും ഈ ചെക്‌പോയിന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.
ഈ ഹൈവേയുടെ സൗദി അറേബ്യയയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിലും ചെക്ക്പോയിന്റുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഏതാണ്ട് 740 കിലോമീറ്റർ നീളമുള്ള ഈ പാത ഒമാനിലെ ദഹിറ ഗവർണറേറ്റിലെ ഇബ്രി റൌണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.
Photos: Oman News Agency.