ബാങ്ക് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

Oman

ബാങ്ക് സംബന്ധമായ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ഫോൺ, ഇമെയിൽ മുതലായ ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെയും മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് രക്ഷനേടുന്നതിനും, വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനും ഇത് വളരെ പ്രധാനമാണെന്ന് ROP ചൂണ്ടിക്കാട്ടി.

ബാങ്ക് കാർഡുകളുടെ വിവരങ്ങൾ, ബാങ്ക് കാർഡിലെ CVV കോഡ്, പണമിടപാടുകളുമായോ, മറ്റു ബാങ്കിങ്ങ് സേവനങ്ങളുമായോ ബന്ധപ്പെട്ട് ലഭിക്കുന്ന OTP നമ്പറുകൾ മുതലായ ഒരു വിവരങ്ങളും ഫോണിലൂടെയോ, സന്ദേശങ്ങളിലൂടെയോ, ഇ-മെയിലിലൂടെയോ ആരുമായും പങ്ക് വെക്കരുതെന്ന് ROP ഒമാനിലെ പൗരന്മാരെയും, പ്രവാസികളെയും ഓർമ്മപ്പെടുത്തി. ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ബാങ്ക് ഉദ്യോഗസ്ഥർ നിങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കാനും ROP ജനങ്ങളോട് ആവശ്യപ്പെട്ടു.