ഒമാൻ ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗമാണ് ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 3 മുതൽ 30 വരെയുള്ള കാലയളവിൽ വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം, വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

  • ഇത്തരം സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻവശത്തും, വശങ്ങളിലുമുള്ള ചില്ലുകളിൽ പതിക്കുന്നതിന് അനുമതിയില്ല.
  • വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ ഒഴിവാക്കി കൊണ്ട് വേണം ഇവ പതിക്കാൻ.
  • വാഹനങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ച മറയുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പുറക് വശത്തെ ചില്ലിൽ പതിക്കരുത്.
  • ഒട്ടിച്ച് വെക്കാത്ത രീതിയിലുള്ള തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾ വാഹനത്തിന്റെ എൻജിൻ ഹുഡിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • ഇത്തരം സ്റ്റിക്കറുകളിൽ അപകീര്‍ത്തികരമായതും, വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ അനുവദിക്കുന്നതല്ല.
  • രാജ്യത്തെ ട്രാഫിക് സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് അനുമതിയില്ല.
  • വാഹനങ്ങളുടെ നിറത്തിന് മാറ്റം വരുത്തുന്നതിന് അനുമതിയില്ല.
  • ദേശീയ ദിനത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി.
  • ഒമാൻ ഭരണാധികാരിയുമായ ബന്ധപ്പെട്ട കിരീടം, പരമ്പരാഗത രീതിയിലുള്ള കഠാരി തുടങ്ങിയ ചിഹ്നങ്ങൾ അലങ്കാരങ്ങളിൽ ഉൾപ്പെടുത്താൻ അനുമതിയില്ല.