രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. നവംബർ 8-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:
- 2021 നവംബർ 8 മുതൽ 30 വരെയുള്ള കാലയളവിൽ വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- ഇത്തരം സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻവശത്തും, വശങ്ങളിലുമുള്ള ചില്ലുകളിൽ പതിക്കുന്നതിന് അനുമതിയില്ല. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ ഒഴിവാക്കി കൊണ്ട് വേണം ഇവ പതിക്കാൻ. വാഹനങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ച മറയുന്ന രീതിയിൽ പുറക് വശത്തെ ചില്ലിൽ സ്റ്റിക്കർ പതിക്കരുത്.
- തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾക്ക് അനുമതിയില്ല. ഇത്തരം അലങ്കാരങ്ങൾ എൻജിൻ ഹുഡിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
- ഇത്തരം സ്റ്റിക്കറുകളിൽ അപകീര്‍ത്തികരമായതും, വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ അനുവദിക്കുന്നതല്ല.
- വാഹനങ്ങളുടെ നിറത്തിന് മാറ്റം വരുത്തുന്നതിന് അനുമതിയില്ല.
- ദേശീയ ദിനത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി.
ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.