പൊതുജനങ്ങൾക്കിടയിൽ സംഘടിത തട്ടിപ്പുകളെക്കുറിച്ചും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം നൽകുന്ന ലഘുലേഖകൾ ROP പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.
ഇത്തരം തട്ടിപ്പുകൾക്കിരയാകാതെ ജാഗ്രത പുലർത്തുന്നതിനെക്കുറിച്ചും, ഇത്തരം തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ ധരിപ്പിക്കുന്നതിനെക്കുറിച്ചും ഒമാൻ പൗരന്മാർക്കിടയിലും, പ്രവാസികൾക്കിടയിലും അവബോധം വളർത്തുന്നതിനാണ് ROP ഇത്തരം ഒരു നടപടി ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളെയും, വ്യക്തികളെയും ഉന്നംവെച്ച് കൊണ്ട് നടത്തുന്ന സംഘടിത തട്ടിപ്പ് ശ്രമങ്ങളെ റോയൽ ഒമാൻ പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നിരീക്ഷിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് രീതിയിലുള്ള വാണിജ്യ ക്രയവിക്രയങ്ങളിൽ കടന്ന് കയറിക്കൊണ്ട് വിവരങ്ങൾ ചോർത്തുന്നതിനും, വാണിജ്യ സ്ഥാപനങ്ങളുടെ വ്യാജ ഐഡന്റിറ്റികൾ നിർമ്മിച്ച് കൊണ്ട് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നതായി പോലീസ് വ്യക്തമാക്കി.
ഇത്തരം ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത, അക്കൗണ്ടുകളുടെ സാധുത മുതലായവ മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്താനും ROP പങ്ക് വെച്ച ലഘുലേഖകളിൽ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ആ വിവരം ഉടൻ തന്നെ 80077444 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ അധികൃതരെ ധരിപ്പിക്കേണ്ടതാണെന്നും റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.