ഒക്ടോബർ 11 മുതൽ രാജ്യത്ത് ആരംഭിക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടു. ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെ ദിനവും രാത്രി 8-നും, പുലർച്ചെ 5-നും ഇടയിൽ യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്നും ROP വ്യക്തമാക്കി.
ഇത്തരം നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ROP മുന്നറിയിപ്പ് നൽകി. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ഒക്ടോബർ 24 വരെ ദിനവും വൈകീട്ട് 8 മുതൽ പുലർച്ചെ 5 വരെ പൊതുഇടങ്ങളിൽ ഡ്രോൺ ഉൾപ്പടെയുള്ള സംവിധനകൾ ഉപയോഗിച്ച് കൊണ്ട് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും ROP വ്യക്തമാക്കി.
യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ദിനവും നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് വീടുകളിൽ തിരിച്ചെത്താവുന്ന രീതിയിൽ പ്രവർത്തി സമയം ക്രമീകരിക്കാൻ വാണിജ്യ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് ROP നിർദേശം നൽകി. യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന വൈകീട്ട് 8 മുതൽ പുലർച്ചെ 5 വരെ ഇത്തരം നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള സാഹചര്യങ്ങളും ROP അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വൈകീട്ട് 8 മുതൽ പുലർച്ചെ 5 വരെയുള്ള സമയത്ത് യാത്ര ചെയ്യാൻ അനുവാദം നൽകിയിട്ടുള്ള വിഭാഗങ്ങൾ:
- വൈദ്യുതി, ജലം, വാർത്താവിനിമയം തുടങ്ങിയ അടിയന്തിര സ്വാഭാവമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ആംബുലൻസ്, സിവിൽ ഡിഫെൻസ് വാഹനങ്ങൾ, മാലിന്യം നീക്കം ചെയ്യുന്ന ട്രക്കുകൾ, ഭക്ഷണ വിതരണ വാഹനങ്ങൾ, ഓയിൽ, ഗ്യാസ്, വെള്ളം എന്നിവയുടെ ടാങ്കർ മുതലായ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
- മെഡിക്കൽ ജീവനക്കാർ, ഓൾഡ് എയർപോർട്ടിലെ ഫീൽഡ് ഹോസ്പിറ്റലിലെ ജീവനക്കാർ.
- ഒമാനിലെ ബോർഡർ ചെക്ക്പോയിന്റുകളിലൂടെയുള്ള കയറ്റുമതി/ ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട കണ്ടെയ്നറുകൾ വഹിക്കുന്ന ട്രക്കുകൾ. ഡ്രൈവർക്ക് മാത്രമാണ് ഇത്തരം വാഹനങ്ങളിൽ അനുവാദം.
- ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യേണ്ടവർ. ഇവർ യാത്രാ ടിക്കറ്റുകൾ പരിശോധനകളിൽ ഹാജരാക്കേണ്ടതാണ്.
- തീർത്തും ഒഴിവാക്കാൻ കഴിയാത്ത അടിയന്തിര സാഹചര്യങ്ങൾ/ മാനുഷിക പരിഗണന ആവശ്യമായി വരുന്ന സാഹചര്യങ്ങൾ എന്നിവയിലും ഇളവുകൾ അനുവദിക്കാവുന്നതാണ്. ആരോഗ്യ കേന്ദ്രങ്ങളിലും, ആശുപത്രികളിലും ചികിത്സാ സംബന്ധമായ മുൻകൂർ ബുക്കിംഗ് ഉള്ളവർക്കും ഇളവ് നൽകുന്നതാണ്. എന്നാൽ ഇവർ ഇത്തരം ബുക്കിങ്ങുകളുടെ രേഖകൾ ഹാജരാക്കേണ്ടതാണ്.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ള തീരുമാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Cover Photo: Royal Oman Police.