ധോഫർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുത്ത് വേണം തങ്ങളുടെ യാത്രകൾ ക്രമീകരിക്കാനെന്ന് റോയൽ ഒമാൻ പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.
ജൂലൈ 26-ന് വൈകീട്ടാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്. നിലവിലെ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന യാത്രാവിലക്കുകളുടെ സമയങ്ങളിൽ യാത്ര ഒഴിവാക്കുന്ന രീതിയിൽ യാത്രകൾ ക്രമീകരിക്കാനാണ് അധികൃതർ നിർദ്ദേശിച്ചത്.
ഈദുൽ അദ്ഹ ദിനങ്ങളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24, ശനിയാഴ്ച്ച പുലർച്ചെ 4 മണിക്ക് അവസാനിച്ചിരുന്നെങ്കിലും, ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒമാനിൽ തുടരുകയാണ്.
2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.