ഒന്നിലധികം യാത്രികരുള്ള സ്വകാര്യ വാഹനങ്ങൾ നിർത്തി പരിശോധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഇത്തരത്തിൽ ഔദ്യോഗികമായി യാതൊരു നിർദ്ദേശവും പോലീസ് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഒന്നിലധികം യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തി പരിശോധിക്കുമെന്നും, യാത്ര ചെയ്യുന്നവർ ഒരേ കുടുംബത്തിലുള്ളവരാണെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനയ്ക്കായി ഐഡി കാർഡുകൾ നൽകണമെന്നുമുള്ള തരത്തിലുള്ള വാർത്തകൾ ഒമാനിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ROP ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
റോയൽ ഒമാൻ പോലീസ് ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ മേജർ മുഹമ്മദ് അൽ ഹാഷ്മിയുടേതെന്ന തരത്തിലാണ് ഈ അറിയിപ്പ് ട്വിറ്ററിൽ പങ്ക് വെക്കപ്പെട്ടിരുന്നത്. ഈ സന്ദേശം കെട്ടിച്ചമച്ചതാണെന്നും, ഇതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ROP വ്യക്തമാക്കി.
ഇത്തരം തെറ്റായ വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ROP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാർത്തകളുടെ ആധികാരിക ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അവ പങ്ക് വെക്കാവൂ എന്ന് ജനങ്ങളോട് ROP നിർദ്ദേശിച്ചു.