ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. മുതിർന്നവരുടെ മേൽനോട്ടമില്ലാതെയും, പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ധാരണയില്ലാതെയും കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുറൈമി ഗവർണറേറ്റിൽ സമൂഹ മാധ്യമങ്ങളിലൂടെ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവന്ന അപകീര്‍ത്തികരമായ പെരുമാറ്റവും, ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാകാൻ ഇടയായ പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പോലീസ് രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്.
“ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുന്നതും, അപകീർത്തികരവുമായ പ്രവണതകൾ ശ്രദ്ധയിൽപ്പെടുന്ന ഉടൻ തന്നെ സമൂഹ മാധ്യമ ഉപയോക്താക്കൾ അധികൃതരുമായി ഈ വിവരം പങ്ക് വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇന്റർനെറ്റിലൂടെ സ്വകാര്യ ഫോട്ടോകൾ പങ്കിടുന്ന പ്രവണത സുരക്ഷയെ മുൻനിർത്തി ഒഴിവാക്കേണ്ടതാണ്.”, റോയൽ ഒമാൻ പോലീസ് അറിയിപ്പിലൂടെ വ്യക്തമാക്കി.
നവീന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വേളയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും, ഓൺലൈനിൽ നേരിടേണ്ടിവന്നേക്കാവുന്ന വിവിധ സുരക്ഷാ ഭീഷണികളെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകാനും രക്ഷിതാക്കളോട് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.