പണം അപഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് വാട്സാപ്പ്, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളിൽ മയങ്ങി തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 31-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം തട്ടിപ്പു സംഘങ്ങൾ പലപ്പോഴും വിദേശരാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പ് രീതികൾ ഒമാൻ പോലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നിരീക്ഷിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കി.
ഒമാനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് സാധനങ്ങൾ വിൽക്കാനുണ്ടെന്ന് വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയക്കുന്ന രീതിയിലാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഈ പരസ്യത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വരുന്ന ഫോമിൽ ബാങ്ക് വിവരങ്ങൾ നൽകുന്ന വ്യക്തികൾക്ക് പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ബാങ്ക് വിവരങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് പണം ബാങ്കിൽ നിന്ന് പിൻവലിക്കുന്നത് ഒമാന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നാണ് പോലീസ് കൂട്ടിച്ചേർത്തു. വിശ്വാസ്യത ഉറപ്പിക്കാനാകാത്ത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഇലക്ട്രോണിക് ലിങ്കുകൾ തുറക്കരുതെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ ബാങ്ക് വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.