ബാങ്കിങ്ങ് വിവരങ്ങൾ തട്ടിയെടുക്കുന്നതിനും, അവ ദുരുപയോഗം ചെയ്യുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന, ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 16-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അത്യാകർഷകമായ വിലക്കിഴിവിൽ ഇത്തരം ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു. ഇത്തരം വെബ്സൈറ്റുകൾ വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി റോയൽ ഒമാൻ പോലീസ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ഇത്തരം വെബ്സൈറ്റുകളിൽ പ്രവർത്തിക്കുന്ന വ്യാജ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ബാങ്കിങ്ങ് വിവരങ്ങൾ ഈ തട്ടിപ്പ് സംഘങ്ങൾ ചോർത്തുന്നതായും, തുടർന്ന് ഈ വിവരങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ സംഘങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അപഹരിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.