ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ROP മുന്നറിയിപ്പ് നൽകി

GCC News

റോയൽ ഒമാൻ പോലീസിന്റെ (ROP) ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ROP-യുടെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2023 ഏപ്രിൽ 7-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ‘imo’ ആപ്പിൽ ROP-യുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഈ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് കൊണ്ട് ട്രാഫിക് ഫൈൻ തുകകൾ അടച്ച് തീർക്കാനുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ വ്യാജ അക്കൗണ്ടിൽ നിന്ന് ഉടൻ തന്നെ ട്രാഫിക് പിഴ തുകകൾ അടയ്ക്കണമെന്നും, ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായും ROP അറിയിച്ചു.

ഇവരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെക്കുന്ന ഉപഭോക്താക്കളെ കബളിപ്പിച്ച് കൊണ്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അപഹരിക്കുന്നതിനാണ് ഈ തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിലൂടെ ആരുമായും പങ്ക് വെക്കരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും ROP രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: Pixabay.