കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസ്

GCC News

വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി കൊണ്ട്, എൻജിൻ ഓഫ് ചെയ്യാതെ പാർക്ക് ചെയ്തു പോകുന്നത്, കുട്ടികളെ വാഹനങ്ങളിലിരുത്തി കൊണ്ട് വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനുള്ള താക്കോൽ വാഹനങ്ങളിൽ വെച്ച് പോകുന്നത് തുടങ്ങിയ പ്രവർത്തികളെല്ലാം ട്രാഫിക്ക് നിയമലംഘനങ്ങളാണെന്ന് അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

“മുതിർന്നവരുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. ഇങ്ങനെ ചെയ്യുന്നത് വാഹനാപകടങ്ങൾക്കിടയാക്കാം. ഇതിനുപുറമെ, അടച്ചിട്ട വാഹനങ്ങളിൽ തനിയെ ഇരിക്കുന്ന ചെറിയ കുട്ടികൾക്ക് തീവ്രമായ ചൂട്, തണുപ്പ് എന്നിവ മൂലം ഗുരുതരമായ അപകടസാധ്യതകൾ നിലനിൽക്കുന്നു.”, ഇത്തരം പ്രവർത്തികൾ വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് റോയൽ ഒമാൻ പോലീസ് സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം പങ്ക് വെച്ചു.