ഒമാൻ: OTP അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

Oman

പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. OTP ആവശ്യപ്പെട്ടു കൊണ്ട് ഫോൺ കാളുകളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവിധ സമ്മാനപദ്ധതികളിൽ സമ്മാനം നേടിയതായി വ്യക്തികളെ അറിയിച്ച് കൊണ്ട് നടത്തുന്ന പുതിയ രീതിയിലുള്ള ഒരു തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും പോലീസ് കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പോലീസ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഈ തട്ടിപ്പ് പ്രകാരം, സമ്മാനം ലഭിക്കുന്നതിനായെന്ന വ്യാജേനെ ഫോണിൽ ലഭിക്കുന്ന OTP കൈമാറാൻ വ്യക്തികളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പങ്ക് വെക്കുന്ന OTP-കൾ ഓൺലൈൻ പണമിടപാടുകൾക്കായി തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇത്തരം ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇത്തരം തട്ടിപ്പുകാരുമായി OTP ഉൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബാങ്ക് സംബന്ധമായ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ഫോൺ, ഇമെയിൽ മുതലായ ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെയും മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് നേരത്തെ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.